Wednesday, August 23, 2017

കാട് പൂക്കുന്ന നേരം!

നിന്റെ പേരെന്താണ് ?
മാവോയിസ്റ്റ്.

എന്നാലും ഒരു പേരുണ്ടാവില്ലെ ?
അങ്ങനെ വിളിക്കാനല്ലെ നിങ്ങൾക്കു സൗകര്യം.



ഇന്ദ്രജിത്ത്, റിമ കല്ലിങ്കൽ, ഇന്ദ്രൻസ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി ഡോ. ബിജുവിന്റെ സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കാട് പൂക്കുന്ന നേരം. ഇനിയും റിലീസ്  ചെയ്യാത്ത ഈ സിനിമ തിരുവനന്തപുരത്തു വെച്ച് നടന്ന ഇരുപത്തിഒന്നാമത്  അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ വെച്ച ആണ് എനിക്ക് കാണാൻ സാധിച്ചത്.


പൊലീസിന്റെ മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലമാണ് കഥയുടേത്. UAPA പോലെയുള്ള നിയമങ്ങൾ ഭരണകൂടം നടപ്പാക്കുമ്പോൾ ദളിത് ആദിവാസികൾക്ക് നിഷേധിക്കപ്പെടുന്ന നീതിയിലേക്ക് വിരൽ ചൂണ്ടുന്നു പ്രസ്തുത സിനിമ. ഭരണകൂടം ചെയ്യുന്നതെന്തും ശരിയെന്നു വിശ്വസിക്കുകയും, ഭരണകൂടത്തിന്റെ ദിശാബോധമില്ലാത്ത പ്രവൃത്തിക്ക് ഇരയാകുന്നവരെ കുറ്റവാളികളായും കാണുന്ന പൊതുസമൂഹത്തിന്റെ ശരിബോധം സിനിമ എടുത്തുകാട്ടുന്നു. മേളയിലെ ആദ്യത്തെ പ്രദർശനം തന്നെ ‘ഹൗസ്ഫുൾ’ ബോർഡ് തൂക്കിയ സിനിമയുടെ രചനയും, സംവിധാനവും ഡോ. ബിജു തന്നെ നിർവ്വഹിച്ചിരിക്കുന്നു. ബാംഗ്ലൂർ ഡേയ്സിന്റെ പ്രൊഡ്യൂസർ സോഫിയ പോൾ ആണ്  ഇതിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത്.


ഭക്ഷ്യ ധാന്യങ്ങളുടെ മോഷണം സർക്കാരിൽ മാവോയിസ്റ്റുകളിടെ മേൽ സംശയം ജനിപ്പിക്കുകയും അവരെ നേരിടാൻ കാടിനുള്ളിലേക്ക് ഫോഴ്‌സിനെ അയക്കുവാനും സർക്കാർ തീരുമാനിക്കുന്നു . വനത്തിലെ ആദിവാസികള്‍ പഠിക്കുന്ന ഒരു സ്കൂള്‍ അങ്ങനെ പൊലീസ് ക്യാമ്പാവുന്നു. സ്കൂളിനെ പൊലീസ് ക്യാമ്പാക്കുന്നത് പ്രദേശത്ത് ആരും ഇഷ്ടപ്പെടുന്നില്ല. തുടര്‍ന്നു നടക്കുന്ന പോസ്റ്റര്‍ പ്രചാരണത്തിനിടെ കാട്ടിനകത്തുവച്ച് ഒരു ആക്റ്റിവിസ്റ്റ് യുവതിയെ പൊലീസ് കീഴ്പ്പെടുത്തുന്നു. യുവതിയെ പിന്തുടര്‍ന്ന് ഓടുന്നതിനിടയില്‍ പൊലീസുകാരന്‍ ഏറെ ദൂരം കാട്ടിനകത്തേക്ക് എത്തിയിരുന്നു. സംഘത്തില്‍നിന്ന് അയാള്‍ ഒറ്റപ്പെട്ടു. യുവതിയെ ശാരീരികമായി കീഴ്‌പെടുത്തിയെങ്കിലും അവളെക്കൊണ്ട് തിരികെ പോകാനുള്ള വഴി പറയിപ്പിക്കാൻ അവനു കഴിഞ്ഞില്ല.തുടർന്നു കാടിനുള്ളില് നിന്നു പുറത്തിറങ്ങാൻ അവള് അവനെ എങ്ങനെ സഹായിക്കുന്നുവെന്നും ഇതിനിടയിൽ അവൻ മനസിലാക്കുന്ന സത്യങ്ങളുമാണ് സിനിമ ചർച്ച ചെയ്യുന്നത്.

ഇനി മറ്റു പ്രത്യേകതകളിലേക്ക്, നായക കഥാപാത്രങ്ങൾക്ക് പേരില്ല. റിമ കല്ലിങ്കലും ഇന്ദ്രജിത്തും മികച്ച പ്രകടനം തന്നെ ആണു കാഴ്ചവെച്ചത്. ഛായാഗ്രഹണത്തിലെ മികവ് പറയാതെ ഇരിക്കാൻ വയ്യ. തീയറ്റ്ർ ഒരു പോലീസ് ക്യാമ്പ് ആയി തന്നെ മാറിയ പ്രതീതി ആയിരുന്നു.

കുസാർക്ക്‌ മുന്തിരിങ്ങ, ഉസാർക്ക്‌ നാരങ്ങ!

മമ്മൂക്ക എന്നതിൽ ഉപരി രഞ്ജിത്ത് ആയിരുന്നു എന്നെ ഈ ചിത്രത്തിലേക്ക് ആകർഷിച്ചത്. ചെറുപ്പം മുതൽ തന്നെ എല്ലാ രഞ്ജിത്ത് ചിത്രങ്ങളും ഇഷ്ടപ്പെട്ടിരുന്ന ഒരു വ്യക്തി ആണു ഞാൻ. ക്ലാസ്, മാസ്സ് എന്നിങ്ങനെ ഒരു വകഭേദം ഇല്ലാതെ എല്ലാ തരം ചിത്രങ്ങളും എടുത്ത് ഹിറ്റ് ആക്കാൻ ഇദ്ദേഹത്തോളം കഴിവുള്ള മറ്റാരേയും മലയാളികൾ ഇതുവരെ കണ്ടിട്ടില്ല. ആഡ്യത്യത്തിന്റെയും, സവർണ്ണ മേൽക്കോയ്മയുടെയും, തമ്പുരാൻ സിനിമകളുടെയും വക്താവ് എന്നു ആക്ഷേപിച്ചുള്ളവർക്കുള്ള ചുട്ട മറുപടിയായിരുന്നു അദ്ദേഹത്തിന്റെ തന്നെ തൂലികയിലൂടെ പിറന്ന കൈയ്യൊപ്പ്, തിരക്കഥ, പാതിരാ കൊലപാതകം, ഇന്ത്യൻ റുപ്പി, പ്രാഞ്ചിയേട്ടൻ തുടങ്ങിയ ക്ലാസ് സിനിമകളുടെ ഒരു നിര. ലോഹം, ലീല, തുടങ്ങി ഈയടുത്ത് ഇറങ്ങിയ മിക്കവാറും രഞ്ജിത്ത് ചിത്രങ്ങൾ എല്ലാം ഫസ്റ്റ് ഡേ തന്നെ പോയി കണ്ടിട്ടും ഉണ്ട്. രഞ്ജിത്തിന്റെ എല്ലാ കലാ സൃഷ്ടികളും, ഉദാത്തമെന്നോ മഹനീയമെന്നോ ഇതുകൊണ്ടത്ഥമാക്കേണ്ടതില്ല.ഏതൊരു കലാകാരന്റെയും കലാ ജീവിതത്തിൽ കയറ്റിറക്കങ്ങൾ സ്വാഭാവികമാണ്, അത്തരമൊരു പ്രതിസന്ധി ഘട്ടത്തിലാണ്‌ അദ്ദേഹം ഇപ്പോൾ.


സിനിമ കണ്ടുകഴിഞ്ഞപ്പോൾ ഒരുതരം തലവേദനയാണു ആദ്യം അനുഭവപ്പെട്ടത്. ( കാതടപ്പിക്കുന്ന ശബ്ദത്തിൽ ബി ജി എം മിക്സ് ചെയ്ത അണ്ണനു വണക്കം ! )

"രണ്ടു കൊല്ലം ആയില്ലേ.. ഒരു പടം ചെയ്തു കളയാം !" എന്നു രഞജിത്ത് തീരുമാനിച്ച പോലെ ആയിരുന്നു എനിക്കു അനുഭവപ്പെട്ടത്. തിരക്കഥയിൽ ആണു പാളിച്ച മൊത്തം ഉണ്ടായത്. "വളരെ മോശം!" എന്ന വാക്ക് ഒക്കെ ഒരു അണ്ടർസ്റ്റേറ്റ്മെന്റ് ആണു.

പിന്നെ.. പറയാതെ വയ്യ! ഒരുമാതിരി ഫ്രീക്കന്മാരുടെ ഫോട്ടോ പോലെ ഉള്ള കളർ ടോൺ അസഹനീയമായിരുന്നു. കോട്ടയം പ്രദീപിന്റെ ഭാഷയിൽ പറഞ്ഞാൽ "പച്ചയുണ്ട്.. മഞ്ഞയുണ്ട്.. നീലയുണ്ട്.‌‌."

കാസർഗോഡ്‌ ഭാഷ ചില സന്ദർഭങ്ങൾ എല്ലാവരിലും ചിരി പടർത്തി. മാമുക്കോയയുടെ ഒരു ചെറിയ തിരിച്ചുവരവിനും ഈ സിനിമ സാക്ഷ്യം വഹിച്ചു.

മോശം തിരക്കഥയും കാതടപ്പിക്കുന്ന പശ്ചാത്തലസംഗീതവും ചില കാരക്റ്റേഴ്സിനു നൽകിയ അനാവശ്യ ബിൽഡപ്പും എല്ലാം കൊണ്ട് പുത്തൻപണം ഒരു മോശം അനുഭവം ആയി തോന്നി.

ഒരു കാലത്ത് തിയ്യറ്റുകളെ പ്രകമ്പനം കൊള്ളിച്ച, പൂരപ്പറമ്പുകളാക്കിയ്യ ബഹുഭൂരിപക്ഷം വരുന്ന സാധാരണ പ്രേക്ഷകരെ ആനന്ദത്തിലാറാടിച്ച ഇത്രയും ജനകീയനായ ഒരു സംവിധായകന്റെ അധപതനം ഏതൊരു സിനിമാപ്രേമിയേയും വിഷമത്തിൽ ആഴ്ത്തുന്നതാണു.

Tuesday, August 22, 2017

എന്താണ് അസഹിഷ്ണുത ? ആര്‍ക്കാണ് അസഹിഷ്ണുത ?

തന്റെ പ്രതീക്ഷയ്ക്കൊത്തല്ലാതെ സംഭവിക്കുന്ന ഓരോന്നിനോടും തന്റെയോ, താന്‍ വിശ്വസിക്കുന്ന പ്രത്യയ ശാസ്ത്രത്തിന്റെയോ പരാജയമായി കണ്ടു അസ്വസ്ഥത കൈവരിക്കുന്നതിനെ ആണ് അസഹിഷ്ണുത എന്ന് വിളിക്കുക.  തന്റെ പരാജയം എന്ന രീതിയില്‍  കണ്ടെത്തുന്ന ഓരോന്നിനും ചുറ്റുപാടുമുള്ള പലതിനെയും പഴിക്കയും, ഘടനാപരമായി തകര്‍ക്കുകയും ചെയ്യുന്ന രീതിയിലാണ് പലപ്പോഴും അസഹിഷ്ണുതയുടെ പരിസമാപ്തി.



അസഹിഷ്ണുതയ്ക്കെതിരെ പ്രതികരിച്ച അമീർ ഖാനോട്‌ “ ഇന്ത്യയിൽ എവിടെയാടെ അസഹിഷ്ണുത, നീ പുറത്തിറങ്ങിയാൽ നിന്നെ കൊന്ന് കളയും " എന്നൊക്കെ പറയുന്നതാണ്‌ ഏറ്റവും വലിയ കല്ലുകടി. തന്റെ അഭിപ്രായം പറഞ്ഞ ഒരാളോട്‌ പോലും സഹിഷ്ണുതയില്ലാത്തവരാണ്‌ അസഹിഷ്ണുത ഇവിടെയില്ല എന്ന് പറയുന്നത്‌. അമീർഖാൻ ഇത്തരത്തിൽ ആക്രമിക്കപ്പെട്ട അനേകം പേരിൽ ഒരാൾ മാത്രം ആണ്. ചിലരുടെ വായടപ്പിക്കുകയാണ് ചെയ്തതെങ്കിൽ മറ്റു ചിലരെ കൊന്നുതള്ളി !



ആർക്കാണ് അസഹിഷ്ണുത ?


അസഹിഷ്ണുത എല്ലാവരിലും ഉണ്ട്. പക്ഷെ ഇത്തരത്തിൽ തീവ്രമായ അസഹിഷ്ണുതയ്ക്ക് ഹിന്ദുമഹാസഭയും രാഷ്ട്രീയ സ്വയം സേവക സംഖും ഒക്കെ അടങ്ങിയ സംഘപരിവാർ രാഷ്ട്രീയ / ‘ഹിന്ദുത്വ’ അനുയായികളും പിന്നെ മറ്റു ചില ന്യൂനപക്ഷ മത മൗലിക വാദികളും ആണ് ഇതിനു ചുക്കാൻ പിടിക്കുന്നത്.


കേരളത്തിൽ സമീപകാലത്തായി വളർന്നുമുറ്റിക്കൊണ്ടിരിക്കുന്ന അസഹിഷ്ണുതയും  വിശ്വാസാന്ധതയും മൂലം എഴുത്തിനെയും പുസ്തകത്തെയും എഴുത്തുകാരെയും സ്വതന്ത്രാഭിപ്രായമുള്ളവരെയും എല്ലാം ഒന്നെങ്കിൽ ഭീഷണിപ്പെടുത്തിയോ, അല്ലെങ്കിൽ ശകാരവർഷം നടത്തിയോ വായടപ്പിക്കുകയാണ് ചെയ്തുവരുന്നത്. അതിലെ ഏറ്റവും അവസാനത്തെ ഇരകളാണ് എം ടിയും കമലും.


താനൊരു സാമ്പത്തികവിദഗ്ധനല്ല എന്ന് കൃത്യമായി ഓർമപ്പെടുത്തിക്കൊണ്ട്, നോട്ട് നിരോധനമെന്നത് ഒരു പാളിയ പരീക്ഷണമാണോയെന്ന സംശയം എം ടി   ഒരിക്കൽ പ്രകടിപ്പിക്കുകയുണ്ടായി. തീർച്ചയായും അദ്ദേഹത്തോട് വിയോജിക്കാനും വിമർശിക്കാനുമുള്ള അധികാരാവകാശങ്ങൾ ആർക്കുമുണ്ട്. പക്ഷേ, ഉണ്ടായത് ‘ഇതൊക്കെ പറയാൻ എം.ടി. ആര്?’ എന്ന ധാർഷ്ട്യം കലർന്ന മറുചോദ്യമാണ്. ‘ആരാണ് എം.ടി.?’ എന്ന ചോദ്യത്തിനു പിന്നിലുള്ളത് കേരളത്തിന്റെ, മലയാളത്തിന്റെ സാംസ്കാരിക, സാമൂഹിക ചരിത്രത്തെക്കുറിച്ചുള്ള അറിവില്ലായ്മയല്ല. മറിച്ച്, ആ ചരിത്രത്തിന്റെ ഗഹനതകളെയും അതിലുള്ളടങ്ങിയിട്ടുള്ള പുരോഗമനമൂല്യങ്ങളെയും പാടേ റദ്ദുചെയ്യാൻ തീരുമാനമെടുത്തുറച്ച സാംസ്കാരിക ഫാസിസത്തിന്റെ വെമ്പലാണ്.
സാധാരണ ജനങ്ങള്‍ നേരിടുന്ന നീറുന്ന പ്രശ്നത്തെ വിലയിരുത്താന്‍ ഏതൊരു പൗരനും അവകാശമുണ്ടായിരിക്കെ, എം.ടിക്ക് അഭിപ്രായം പറയാന്‍ മറ്റു സകലമാന വിഷയങ്ങളെക്കുറിച്ചും മുന്‍കൂര്‍ പ്രതികരിച്ചതിന്‍െറ സര്‍ട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന വിമർശനവാദം വിചിത്രം തന്നെ. സാമ്പത്തിക ശാസ്ത്രജ്ഞരും സാഹിത്യകാരന്മാരും ബുദ്ധിജീവികളും ഡിമോണിറ്റൈസേഷന്‍െറ കെടുതികള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍ അതിന്‍െറ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കാതെ ധിക്കാരത്തോടെയുള്ള  പ്രതികരണങ്ങൾ മാത്രമാണ് ഇപ്പോൾ നടന്നുവരുന്നത്.


ഇവിടെയാണ് കമൽ വിഷയം പ്രസക്തമാകുന്നത് ! തീയറ്ററുകളിൽ ദേശീയഗാനം വെക്കുന്നതിനെതിരെ ( അഥവാ ‘കറന്നെടുക്കുന്ന ദേശീയത’ യെ പ്രതികൂലിച്ച് ) ഒരു സിനിമാ പ്രവർത്തകൻ  എന്നുള്ള നിലയിൽ അദ്ദേഹം തന്റെ അഭിപ്രായങ്ങൾ പ്രകടിപ്പിച്ചു. ഇക്കാലത്ത് വര്‍ഗീയവാദിയായി കരുതപ്പെടാനുള്ള ഒരു അടിസ്ഥാന യോഗ്യത മുസ്ലീം പേരുണ്ടായിരിക്കുക എന്നായി  മാറിയോ ? എന്ന ചോദ്യത്തിന് പ്രസക്തിയേറുന്ന സംഭവ വികാസങ്ങൾ ആണ് പിന്നീട് നടന്നത്. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് കമല്‍ എന്ന് മാത്രം മലയാളികള്‍ക്ക് പരിചിതനായ സംവിധായകന്‍ കമല്‍ പെട്ടെന്ന് ഒരു ദിവസം കമാലുദ്ദീന്‍ ആകുന്നത് ? രാജ്യദ്രോഹിയാകുന്നത് ? പാകിസ്താനിലേക്ക് കടത്തപ്പെടേണ്ട ആളാകുന്നത്…?




കമാലുദ്ദീന്‍ മുഹമ്മദ് മജീദ് - ഇതാണ് സംവിധായകന്‍ കമലിന്റെ മുഴുവന്‍ പേര്. ദേശീയഗാന വിവാദവുമായി ബന്ധപ്പെട്ട് കമലിനെ ടാര്‍ജറ്റ് ചെയ്യുന്ന യുവമോര്‍ച്ച ആകട്ടെ മറ്റ് ആര്‍ എസ് എസ് സംഘപരിവാര്‍ അനുഭാവികളാകട്ടെ, കമലിനെ കമാലുദ്ദീന്‍ എന്നേ പറയൂ. മുസ്ലിം ആയതുകൊണ്ട് ഇടക്കിടെ രാജ്യസ്‌നേഹം തെളിയിച്ചേ പറ്റൂ എന്ന പൊതുബോധത്തിന്റെ ഇരയായി മാറുകയാണ് കമലും.


കമലിനോട് പാകിസ്ഥാനിൽ പോകാൻ പറഞ്ഞ സംഘപരിവാര്‍ ഭീഷണിക്കെതിരെ പ്രതിഷേധം നടത്തിയ അലന്സിയരും ഇതേ കാരണം പറഞ്ഞ് ആക്രമിക്കപ്പെട്ടു.


അലന്‍സിയറിന്റെ വാക്കുകള്‍ ഇങ്ങനെയാണ്  - ‘ ഇത് എന്റെ പ്രതിഷേധമല്ല. പ്രതിരോധമാണ്. ഞാനൊരു ആക്ടറാണ്. ഞാന്‍ ഈ ഭൂമിയില്‍ ജീവിക്കുന്ന മനുഷ്യനാണ്. തണുപ്പു കൂടുമ്പോള്‍ പുതപ്പെടുത്തു മൂടുകയും ചൂടുകൂടുമ്പോള്‍ ഫാനിടുകയും അല്ലെങ്കില്‍ കാറ്റ് കിട്ടുന്നിടത്ത് പോയിരിക്കുകയും ചെയ്യുന്ന ഒരാള്‍. എന്നെ എന്റെ പേരിന്റെ പേരില്‍ പാക്കിസ്ഥാനിലേക്കോ മറ്റു രാജ്യത്തെക്കോ കടത്തിക്കളയുമോ എന്നു തീരുമാനിക്കുന്ന ഒരവസ്ഥയിലേക്കാണ് എന്റെ രാജ്യം പോകുന്നത്.’


‘എന്റെ നാടിനേക്കുറിച്ച് എനിക്ക് അഭിമാനം. അടുത്ത നാടിനേക്കുറിച്ച് അതിലേറെ അഭിമാനം. എന്നിട്ടും എന്നോട് ചോദിക്കുന്നു ഞാന്‍ ആരാണെന്ന് ? ’ എന്നു ചോദിച്ചു തുടങ്ങുന്ന അലന്സിയറിന്റെ തെരുവു നാടകം അവസാനിക്കുന്നത്  ‘ അണ്ടര്‍വയറിന്റെ സ്‌നേഹം, രാജ്യസ്‌നേഹമല്ല ‘ എന്ന് പറഞ്ഞ് കപട രാജ്യസേനഹത്തേ രൂക്ഷവിമര്‍ശനം നടത്തിയാണ്.


മദ്രസാ പഠനകാലത്ത് ഉസ്താദിന്റെ ഭാഗത്തുനിന്നുണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നെഴുതിയതിന്റെ പേരിൽ രൂക്ഷമായ ആക്രമണമാണ് വി പി റജീന എന്ന മാദ്ധ്യമപ്രവർത്തക നേരിടേണ്ടി വന്നത്. ഒരു വിഭാഗം ആളുകൾ സംഘം ചേർന്ന് റജീനയെ തെറിവിളിച്ചും മറ്റും രംഗത്തെത്തി. മതത്തിനകത്തെ കാര്യങ്ങൾ പരസ്യമായി ഒരു പെണ്ണ് എന്തിന് പറയുന്നു എന്ന ധ്വനിയുള്ള കമന്റുകളായിരുന്നു വന്നതെല്ലാം. ഉള്ളിൽ പറഞ്ഞാൽ പോരെ, പുറത്തു പറഞ്ഞത് എന്തിന് എന്നായിരുന്നു ചിലരുടെ ചോദ്യം. മതത്തിന് ഉള്ളിലുള്ളവരോ പുറത്തുള്ളവരോ എപ്പോഴെങ്കിലും മതത്തിനെ വിമര്‍ശിച്ചാല്‍ എല്ലാ സംഘടനയിലുള്ള മൗലീകവാദികളും എല്ലാം മറന്ന് ഒന്നിച്ച് കൂട്ടമായി അക്രമിക്കും,തെറി വിളിക്കും. ഇതാണ് ഇപ്പോൾ നിലവിൽ ഉള്ള ഓരോരോ കീഴ്വഴക്കങ്ങൾ.


വ്യക്തിപരമായ കാഴ്ചപ്പാടുകളും അനുഭവങ്ങളും അഭിപ്രായങ്ങളും പങ്കുവെക്കാൻ പോകുന്ന ഒരാൾക്ക് മുട്ടിടിയ്ക്കുന്ന ഒരു അവസ്ഥയിലേക്കാണ് ഇന്ന് നമ്മുടെ സംസ്ഥാനം എത്തി നിൽക്കുന്നത്. പരസ്യ പ്രസ്താവനയിൽ “അഭിപ്രായ സ്വാതന്ത്ര്യം എല്ലാവര്ക്കും ഉണ്ട്, എല്ലാവരും സമന്മാരാണ്” എന്ന് ഘോരഘോരം പ്രസംഗിച്ചിട്ട്, സ്വന്തം മതത്തെയോ പ്രത്യയശാസ്ത്രത്തെയോ മുറിവേൽപ്പിക്കുന്നവരെ കൂട്ടമായി ആക്രമിക്കുന്ന ഒരു തരം ഇരട്ടത്താപ്പ് നയം ആണ് ഇന്ന് കാണപ്പെടുന്നത്.


സംഘപരിവാർ ഭീകരതയെക്കുറിച്ച് പറയാൻ ഒരുപാടുണ്ട്. ഗോമാതാവ് വിഷയം ഇന്ന് വളറേയെറെ ശ്രദ്ധ ആകര്ഷിച്ചതാണ്. ഗോ രക്ഷക് സംഘ് എന്ന പേരിൽ, ‘ഗോമാതാവാ’ നെന്നു പറഞ്ഞു അറവു ശാലകളിലേക്ക് കൊണ്ട് പോകുന്ന പോത്തിനെ വരെ തടഞ്ഞു നിർത്തി, അത് കൊണ്ട് പോയ വണ്ടികള തടയുന്നതും, ഒന്നും അറിയാതെ വെറും ഒരു ജോലി എന്ന നിലയിൽ മാത്രം വണ്ടി ഓടിക്കുകയും, കൂടെ പോകുന്ന തൊഴിലാളികളെയും, തല്ലി ചതക്കുന്നതും, കൊല്ലുന്നതും എല്ലാം ഇന്ന് ഒരു സാധാരണ സംഭവം ആയി മാറിക്കൊണ്ടിരിക്കുകയാണ്.


കൽബുർഗിയും, പന്സാരെയും, ധാബോൽക്കറും ഒക്കെ ഈ പറഞ്ഞ സംഘപരിവാർ ഭീകരതയ്ക്ക് മുൻപിൽ ജീവൻ നഷ്ടപ്പെട്ടവരാണ്.


വിഗ്രഹാരാധനയ്ക്കും അന്ധവിശ്വാസങ്ങൾക്കുമെതിരെ ശക്തമായി പ്രതികരിച്ച വ്യക്തിയായിരുന്നു കൽബുർഗി. വിഗ്രഹാരാധനയെ എതിർത്തിരുന്ന അദ്ദേഹം മതഭ്രാന്തന്മാരുടെ കണ്ണിലെ കരടായി മാറുകയായിരുന്നു. ദൈവകോപമുണ്ടാകുമോ എന്നു പരീക്ഷിക്കാൻ വിഗ്രഹങ്ങളിലും ദൈവത്തിന്റെ ചിത്രങ്ങളിലും ചെറുപ്പകാലത്തു മൂത്രമൊഴിച്ചിട്ടുണ്ടെന്ന എഴുത്തുകാരൻ യു ആർ അനന്തമൂർത്തിയുടെ വാക്കുകൾ ഒരു ചടങ്ങിൽ കൽബുർഗി പരാമർശിച്ചിരുന്നു. തുടർന്ന്‌ കൽബുർഗിക്കെതിരേ വി എച് പിയും ബജ്‌റംഗദളും രംഗത്തെത്തി. ഒടുവിൽ കുടുംബത്തോടൊപ്പം പ്രഭാതഭക്ഷണം കഴിച്ചുകൊണ്ടിരുന്നപ്പോൾ രണ്ട്‌ പേരടങ്ങുന്ന കൊലയാളി സംഘത്തിന്റെ വെടിയേറ്റു മരിച്ചു.


പൻസാരെയുടെ  ഒന്നര ലക്ഷം കോപ്പി വിറ്റഴിഞ്ഞ  ‘ശിവജി കോന്‍ ഹോത’ എന്ന ഗ്രന്ഥത്തിനെതിരെ ശിവസേനയുള്‍പ്പെടെയുള്ള സംഘടനകളും രംഗത്തുവന്നു. ശിവാജി ഒരു മുസ്ലീം വിരുദ്ധ രാജാവായിരുന്നില്ല എന്ന് വാദിച്ച പൻസാരെ ഹിന്ദുത്വവാദികളുടെ തോക്കിന് ഇരയായി മാറി.


ധബോല്‍ക്കര്‍ ദശകങ്ങളായി ‘അന്ധവിശ്വാസ’ങ്ങള്‍ക്കെതിരെ പോരാട്ടം നയിച്ചുകൊണ്ടിരുന്ന സാമൂഹിക പ്രവര്‍ത്തകനായിരുന്നു. ‘മഹാരാഷ്ട്ര അന്ധവിശ്വാസ നിര്‍മ്മാര്‍ജന സമിതി’ (എം.എ.എന്‍) എന്ന സംഘടനയുടെ സ്ഥാപകനും അദ്ദേഹമായിരുന്നു. ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ നിരന്തര വിമര്‍ശകനായിരുന്ന ദബോൽക്കർ വിശുദ്ധര്‍ക്കും, ആള്‍ദൈവങ്ങള്‍ക്കും കപടസന്ന്യാസിമാര്‍ക്കും എതിരായ നിരന്തര പ്രചാരണങ്ങള്‍ക്ക് നേതൃത്വം നല്‍കി. ദലിത് സംഘടനകളുമായി ചേര്‍ന്ന്, ജാതീയതയ്ക്കും, ജാതീയമായ അതിക്രമങ്ങള്‍ക്കും എതിരെയുള്ള പ്രവര്‍ത്തനങ്ങളിലും സജീവമായി. അന്ധവിശ്വാസങ്ങള്‍ക്കെതിരായ നിയമം നിയമസഭയില്‍ എത്താറായതോടെയാണ് അദ്ദേഹം കൊല്ലപ്പെട്ടത്.


മതഭ്രാന്തന്മാരുടെ വെടിയുണ്ടകൾ കവർന്നെടുത്ത ഒരുപാട് ജീവനുകൾ അങ്ങനെ ഇന്ത്യ സാക്ഷ്യം വഹിക്കേണ്ടിവന്നു.


ഭരണ കൂടത്തിൻറെ നെറികെടുക്കൾക്കെതിരെ കഴിഞ്ഞ സർകാരിൻറെ കാലത്ത് വരെ ജനാധിപത്യ സ്വാതന്ത്രം ഉപയോഗിച്ച് വിമർശിക്കാൻ അവകാശം ഉണ്ടായിരുന്നു. അന്ന് നമ്മുടെ പ്രധാന മന്ത്രിയെ വ്യക്തി ഹത്യ വരെ ചെയ്തവർ ഇന്ന് പറയുന്നു പ്രധാന മന്ത്രിയെ വിമർശിക്കുന്നത് രാജ്യ ദ്രോഹമാണെന്ന്. അതിനെ ആരും അസഹിഷ്ണുത എന്ന് പറയുന്നില്ല.


പകരം അത് തെറ്റാണെന്ന് പറയുന്നവരോട് പാകിസ്ഥാനിൽ പോകാൻ പറയുന്നതാണ് അസഹിഷ്ണുത.


രാഷ്ട്ര പിതാവിനെ കൊന്ന ഗോദ്സയെ പൂജിക്കുന്നവരെ നാം വിളിക്കണം രാജ്യ സ്നേഹികൾ എന്ന്.. വെറും രാജ്യ സ്നേഹികൾ അല്ല കറ കളഞ്ഞ രാജ്യ സ്നേഹികൾ എന്ന്…


ഫാസിസത്തെ നമുക്ക് ഭയക്കാം.. മൌനം ഭവിക്കാം.. വിലക്കയറ്റവും പട്ടിണിയും കൊണ്ട് പൊരുതി മുട്ടിയാലും ഭരണ കൂടത്തെ പറ്റി കുറ്റം പറയാതെ അവർ പറയുന്നതനുസരിച്ച് ഗോദ്സയെ പൂജിച്ചു രാജ്യ സ്നേഹികളായി ഭീരുക്കളെ പോലെ ജീവിക്കാം…!


Thursday, July 20, 2017

വിദ്യാഭ്യാസ സ്ഥാപനങ്ങൾ ജയിലുകൾ ആയി മാറുമ്പോൾ !


ഞാന്‍ നെഹ്‌റു ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജിലെ വിദ്യാര്‍ത്ഥിനിയാണ്. രണ്ടു ദിവസം മുമ്പ് ഇന്റര്‍വെല്‍ സമയത്ത് ഞാനെന്റെ ആണ്‍ സുഹൃത്തുമൊത്ത് സംസാരിച്ചു നില്‍ക്കുമ്പോള്‍ ഞങ്ങളുടെ മാഡം വന്ന് എന്നെ പിടിച്ചുവലിച്ചു കൊണ്ടു പോയി മുഖത്തടിച്ചു. സ്റ്റാഫ് റൂമില്‍ കൊണ്ടുപോയി പിന്നെയും അടിച്ചു. സ്റ്റാഫ് റൂമിലുള്ള ഒരാള്‍ പോലും അനങ്ങിയില്ല. നാലു മണിക്ക് കോളേജ് വിടുമെങ്കിലും എന്നെ പുറത്തുവിടാതെ അഞ്ചു മണിവരെ കോളേജില്‍ തടഞ്ഞുവച്ചു. അതിനുശേഷം പ്രിന്‍സിപ്പലിന്റെ മുറിയില്‍ കൊണ്ടുപോയി. പ്രിന്‍സിപ്പലിനോട് മാഡം തന്നെ ഒരു കഥ ഉണ്ടാക്കി പറയുകയായിരുന്നു. ആണ്‍കുട്ടി എന്റെ ഷോള്‍ വലിച്ചൂരുന്നതുകൊണ്ട് എന്നെ പിടിച്ചുകൊണ്ടു പോരുകയായിരുന്നുവെന്നും മറ്റൊന്നും ചെയ്തിട്ടില്ലെന്നുമാണു മാഡം പറഞ്ഞത്. ഇതു കേട്ടശേഷം പ്രിന്‍സിപ്പല്‍ പറഞ്ഞത് കൈയില്‍ പിടിച്ചു വലിക്കുകയല്ല, അവളുടെ മുഖത്ത് ഒന്നു കൊടുക്കുകയായിരുന്നു വേണ്ടതെന്നായിരുന്നു. ഈ കാര്യങ്ങള്‍ വേറൊരു ടീച്ചറോടു പറഞ്ഞപ്പോള്‍ കിട്ടിയ മറുപടി, അവന്‍ നിന്നെ ചതിച്ചിട്ടു പോകുമ്പോള്‍ മോങ്ങിക്കൊണ്ട് വരരുത് എന്നാണ്. വീട്ടിലെത്തിശേഷം നടന്ന കാര്യങ്ങള്‍ ഞാന്‍ അമ്മയോടു പറഞ്ഞു. അമ്മ ടീച്ചറെ വിളിച്ചു ചോദിച്ചു. അന്നു രാത്രി തന്നെ ടീച്ചര്‍ എന്നെ ഫോണ്‍ ചെയ്തു. നീ എന്തിനാണ് അമ്മയോട് പറയാന്‍ പോയത്. നമ്മള്‍ ഈ കാര്യം സോള്‍വ് ചെയ്തതല്ലേ എന്നു ചോദിച്ചു ഫോണ്‍ കട്ട് ചെയ്തു. ഞാനിതൊക്കെ പുറത്തു പറഞ്ഞാല്‍ എന്തൊക്കെ പ്രശ്‌നം നേരിടേണ്ടി വരുമെന്ന് അറിയില്ല. പക്ഷേ ഞാന്‍ പറയാന്‍ തയ്യാറാവുന്നത് എന്റെ സുഹൃത്ത് ജിഷ്ണുവിനു വേണ്ടിയാണ്. നെഹ്‌റു കോളേജില്‍ പഠിക്കുന്ന ഓരോ കൂട്ടുകാര്‍ക്കും വേണ്ടിയാണ്. ഇനിയും അവിടെ ഇത്തരം സാഹചര്യങ്ങള്‍ ഉണ്ടാകരുത്. എല്ലാത്തിനും ഒരു അന്ത്യം വേണം.

അവൻ പഠിക്കുന്ന കോളേജ് അത്യാവശ്യം സ്ട്രിക്ട് ആ! അതാവുമ്പോ ചെക്കന് ഇച്ചിരി " അടക്കവും ഒതുക്കവും " ഒക്കെ ഉണ്ടാവുമല്ലോ !

ഈ ഡയലോഗ് ജീവിതത്തിൽ ഒരിക്കൽ എങ്കിലും കേട്ടിട്ടില്ലാത്ത ഒരാൾ പോലും ഉണ്ടാവില്ല എന്നു തോന്നുന്നു.
എന്നാൽ ഈ പറയപ്പെടുന്ന "അടക്കവും ഒതുക്കവും" പരിപാലിക്കപ്പെടുന്നത്  ഹിറ്റ്ലറിൻറെ കോണ്സെന്ട്രേഷൻ ക്യാംപുകളെ കടത്തിവെട്ടുന്ന രീതിയിൽ ആണെന്നുള്ള വസ്തുത ഇന്നും പലർക്കും അന്യം ആണ്.

പി എ സിസ്റ്റം, കഴുത്തില്‍ തൂങ്ങിക്കിടക്കുന്ന ഐ ഡി കാര്‍ഡ്,
സി സി ടി വി ക്യാമറ ഇത് മൂന്നും കൊണ്ടാണ് വിദ്യാര്‍ത്ഥികളുടെ ക്യാമ്പസ്സുകളെ അധികാരികളുടെ ക്യാമ്പസായി പിടിച്ചടക്കുന്നത്. അതൊരുതരം അടിമ നിര്‍മ്മാണമാണ്.

മുകളിലൊരാളുണ്ടെന്ന അധികാരഭാഷ !


Tuesday, November 22, 2016

വേദനകളെ നർമ്മത്തിൽ ചാലിച്ചെഴുതിയ ആണ്ടവൻ കട്ടളയ് .


ആണ്ടവൻ കട്ടളയ് - ദൈവത്തിന്റെ തീരുമാനം എന്നർത്ഥം . വീണ്ടും ഒരു വിജയ് സേതുപതി ചിത്രം. നല്ല ഒഴുക്കോടെ അനായാസമായി പറഞ്ഞിരിക്കുന്ന ഒരു ഫീൽ ഗുഡ് കഥ. ചിരിക്കുന്ന മുഖത്തോടെ ഇരുന്നു കാണാം . അതെ ചിരിയോടു കൂടി തന്നെ തീയറ്റർ വിട്ടു വീട്ടിൽ പോകാം.
ആർട്ടിസ്റ്റുകളുടെ പ്രകടനം നോക്കിയാൽ എല്ലാവരും വളരെ നന്നായി തന്നെ അഭിനയിച്ചു. വിജയ് സേതുപതി, യോഗി ബാബു ( പുള്ളിക്കാരൻ യഥാർത്ഥ ജീവിതത്തിൽ സ്റ്റേറ്റ് ലെവൽ ഫുട്ബോൾ പ്ലയെർ ആണ് ) , ശ്രീലങ്കൻ അഭയാർത്ഥി ആയി അഭിനയിച്ച നടൻ എന്നിവർ വളരെ നന്നായിട്ടുണ്ട്.
തരികിട കളികൾക്ക് വിജയം നേടുന്നതിന് ഒരു പരിമിതി ഉണ്ടെന്നും നമ്മൾ തൂമ്പ കൊണ്ട് എടുക്കാം എന്ന് വിചാരിക്കുന്ന പല കാര്യങ്ങളും വെറും സൂചി കൊണ്ടോ അതുപോലും അല്ലാതെയോ എടുക്കാം എന്നും വളരെ ഭംഗി ആയി നർമ്മത്തിൽ ചലിച്ചു കാണിച്ചു തരുന്നു. ചെന്നൈ പട്ടണത്തിൽ വാടകവീട് കിട്ടാൻ പെടുന്ന പാട് ഒക്കെ നന്നായി അവതരിപ്പിച്ചിട്ടുണ്ട്. മൊത്തത്തിൽ നല്ല ഒരു സിനിമ.


Pizza, Iraivi, Naanum Rowdy Dhaan, Soodhu Kaavum, Kadhalum Kadanthu Pogum, Naduvulom Konjam Pakkathe Kannom, Pannaiyarum Padminiyum, ദേ ഇപ്പൊ ആണ്ടവൻ കട്ടളയ്  ...! 💕:D
ഈ പുള്ളിക്ക് മാത്രം എവിടുന്നു കിട്ടുന്നു ഇമ്മാതിരി കിടുക്കാച്ചി സ്ക്രിപ്റ്റ് ഒക്കെ !
ഗെറ്റപ് മാറ്റിയും മസിൽ ഉരുട്ടിക്കേറ്റിയും നാടിനെ രക്ഷിച്ചും നടക്കുന്ന സ്ഥലത്തെ പ്രമുഖന്മാരെ ഒക്കെ അങ്ങ് കിണറ്റിൽ ഇടാൻ തോന്നുന്നു. 
ഒരുപാട് ഇഷ്ടായി !  💕:D<3
AandavanKattalai || VijaySethupathi